
ശാസ്ത്രം പ്രചരിപ്പിക്കുന്നവർ മാത്രം ഉണ്ടായത് കൊണ്ട് ധർമ്മം നിലനിർത്താനാവില്ല, ശാസ്ത്രം പ്രചരിപ്പിക്കുന്നവരെ സംരക്ഷിക്കുന്നതും ധർമ്മം തന്നെയാണ് എന്ന് ശങ്കരാചാര്യർ നമുക്ക് കാട്ടിത്തന്നു. സമാജത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ച് ശാസ്ത്രം പ്രചരിപ്പിച്ച സന്യാസിമാരെ സംരക്ഷിക്കാൻ സമാജത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ച സന്യാസിമാരെ തന്നെ തയ്യാറാക്കുക എന്ന ലക്ഷ്യം വച്ചാണ് അഖാഡ എന്ന സമ്പ്രദായം സനാതന ധർമ്മത്തിൽ ഉടലെടുത്തത്. ഭാരതത്തെ അഖണ്ഡമാക്കാൻ അഖാഡകൾ സ്ഥാപിക്കപ്പെട്ടു. ശാസ്ത്രത്തിനു പ്രാധാന്യം കൊടുക്കുന്ന സന്യാസിമാരെപോലെ തന്നെ ശാസ്ത്രത്തോടൊപ്പം ശാസ്ത്രത്തിനും പ്രാധാന്യം കൊടുക്കുന്ന സന്യാസിമാർ ഉണ്ടായി. “അഖണ്ഡ് എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് അഖാഡ എന്ന പദം ഉണ്ടായത്. ഭാരതത്തിൽ ശൈവ വൈഷ്ണവ, ഉദാസീൻ(സിഖ്) എന്നീ സംബ്രദായങ്ങളിലായി 13 അഖാഡകളാണ് ഉള്ളത്. പുരുഷ, മഹിളാ, ഭിന്നലിംഗ വിഭാഗത്തിൽ പെടുന്ന ലക്ഷക്കണക്കിന് സന്യാസിമാരാണ് ഈ അഖാഡകൾക്ക് കീഴിലായി ഉള്ളത്. പതിമൂന്ന് അഖാഡകളും ഹിന്ദു ധർമ്മത്തിന്റെ വിവിധ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. ശൈവ വിഭാഗത്തിൽ ഏഴും, വൈഷ്ണവ, ഉദാസീൻ വിഭങ്ങൾക്ക് മൂന്നു വീതവും അഖാഡകളാണ് ഉള്ളത്. ജൂന അഖാഡകളുടെ കീഴിലായി കിന്നർ ഖദയുണ്ട്, അതിൽ ഭിന്ന ലിംഗക്കാരായ സന്യാസിമാരാണ് കൂടുതലും. അഖാഡകളെ കുറച്ച് പറയുമ്പോ മധുസൂദന സരസ്വതി സ്വാമികളെ പ്രണമിക്കാതിരിക്കാൻ പാടില്ല, അഖാഡകൾ ഇന്നത്തെ സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തൂലമാണ്.
ശൈവ അഖാഡകൾ പ്രധാനമായും നഗാ സന്യാസിമാരിൽ നിന്നാണ് രൂപം കൊണ്ടിരിക്കുന്നത്. ഇവർ കഠിന സന്യാസ ജീവിതവും ആയുധകലാപരമായ പാരമ്പര്യവും നിലനിര്ത്തുന്നവരാണ്. അഖാഡകളിൽ അംഗങ്ങൾക്ക് ആത്മരക്ഷാ പരിശീലനവും ശാസ്ത്രങ്ങളും ആത്മീയ പരിശീലനവും നൽകുന്നു.
- ശ്രി പഞ്ചദശനാം ജൂന അഖാഡ:
എട്ടാം നൂറ്റാണ്ടിൽ, ആദി ശങ്കരനാൽ സ്ഥാപിതമായ, ഭാരതത്തിലെ ഏറ്റവും പ്രാചീനവും ഏറ്റവും വലിയ അഖാഡ. ഗുജറാത്തിലാണ് ജൂന അഖാഡ ആരംഭിച്ചത് എങ്കിലും വാരണാസിയാണ് കേന്ദ്രം. ദത്താത്രേയ മുനിയാണ് ഉപാസനാ മൂർത്തി. ആറു ലക്ഷത്തോളം സന്യാസിമാർ ഉണ്ട് ജൂന അഖാഡയുടെ കീഴിൽ എന്നറിയുമ്പോഴാണ് ഭാരതത്തിലെ സന്യാസി പരമ്പര എന്തുമാത്രം പ്രബലമാണ് എന്ന് നമ്മൾ തിരിച്ചറിയുക. ഭിന്നലിംഗ സന്ന്യാസിമാർക്ക് പ്രാബല്യം ഉള്ള കിന്നർ അഖാഡജൂന അഖാഡയുടെ കീഴിലാണ് വരുന്നത്. ജൂനാദ് എന്ന പുരാതനം അല്ലെങ്കിൽ ശാശ്വതമായ എന്നർത്ഥം വരുന്ന ഗുജറാത്തി വാക്കിൽ നിന്നാണ് ജൂന എന്ന പേര് ഉണ്ടായത്. ഇത് അഖാഡയുടെ പുരാതന വംശപരമ്പരയും കാലാതീതമായ ആത്മീയ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിലുള്ള ശ്രദ്ധയും എടുത്തുകാണിക്കുന്നു. ജൂനാ അഖാഡയിലെ സന്യാസിമാർ ഉപനിഷത്തുകൾ, വേദാന്തം, ശൈവ ആഗമങ്ങൾ തുടങ്ങിയ ശാസ്ത്ര പാഠങ്ങൾക്കൊപ്പം പരമ്പരാഗത ആയോധന കലകളും അഭ്യസിക്കുന്നു. പരമ്പരാഗതമായി, ക്ഷേത്രങ്ങൾ, തീർഥാടകർ, സനാതന ധർമ്മം ഇവ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ആയോധന കലകൾ അഭ്യസിക്കുന്നത്. നാഗ സാധുക്കൾ കഠിനമായ ധ്യാനവും ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ ജീവിച്ച് സാധനയിൽ പരിശീലനം നേടുന്നവരാണ്. മധ്യകാലഘട്ടത്തിൽ പ്രത്യേകിച്ചും മുഗൾ ഭരണകാലത്ത് ക്ഷേത്രങ്ങളെയും തീർത്ഥാടകരെയും ആക്രമണകാരികളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ജുന അഖാഡ വലിയ പങ്ക് വഹിച്ചു. വിദ്യാഭ്യാസം, ആത്മീയത, സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അഖാഡയുടെ കീഴിൽ ആശ്രമങ്ങളും സ്കൂളുകളും ആത്മീയ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. പ്രഭാഷണങ്ങൾ, ആത്മീയ സമ്മേളനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവ സാന്നിധ്യമുണ്ട് ജൂന അഖാഡയ്ക്ക്. ത്യാഗം, സന്യാസം, ധർമ്മ സംരക്ഷണം എന്നിവയുടെ തത്വങ്ങൾ ഉൾക്കൊള്ളുന്ന ജുന അഖാഡ ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പൈതൃകത്തിൻ്റെ പ്രതീകമായി നിലകൊള്ളുന്നു. ആഴത്തിലുള്ള ചരിത്രപരമായ വേരുകളും ശൈവമതത്തിൻ്റെ സംരക്ഷണത്തിന് കാര്യമായ സംഭാവനകളും ഉള്ളതിനാൽ, ഇത് ദശലക്ഷക്കണക്കിന് ഭക്തരെ പ്രചോദിപ്പിക്കുകയും ഹിന്ദു മതപാരമ്പര്യങ്ങളുടെ മൂലക്കല്ലായി തുടരുകയും ചെയ്യുന്നു. - ശ്രി പഞ്ചായത്തി നിരഞ്ജനി അഖാഡ:
ഗുജറാത്തിൽ ആരംഭിച്ച നിരഞ്ജനി അഖാഡ സ്ഥാപിതമായത് പത്താം നൂറ്റാണ്ടിലാണ്, ഹരിദ്വാറാണ് കേന്ദ്രം. ജൂന അഖാഡ കഴിഞ്ഞാൽ അംഗസംഖ്യ കൊണ്ടും പ്രഭാവത്തിലുമെല്ലാം മുന്നിൽ നിൽക്കുന്ന അഖാഡയാണ് നിരഞ്ജനി. മുരുകൻ (കാർത്തികേയൻ ) ആണ് നിരഞ്ജനി അഖാഡയുടെ ഉപാസനാ മൂർത്തി. ഉന്നത വിദ്യാഭ്യാസമുള്ളവരുടെയും ബുദ്ധിശാലികളുടെയും അഖാഡ എന്ന് ഇന്നത്തെ മാദ്ധ്യമങ്ങൾ നിരഞ്ജിനി അഖാഡയെ വിശേഷിപ്പിക്കുന്നു. ആപ്പിൾ കമ്പനി സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറെൻ പവൽ ഈയിടെ ഹിന്ദു ധർമ്മം സ്വീകരിച്ചത് നിരഞ്ജനി അഖാഡയിൽ നിന്നായിരുന്നു. - ശ്രി പഞ്ചായത്തി മഹാനിർവാണി അഖാഡ:
ദശനാമി സമ്പ്രദായത്തിലെ പ്രമുഖമായ ആദിശങ്കരന്റെ ഉപദേശത്തോടെ 8 ആം നൂറ്റാണ്ടിൽ പ്രയാഗ്രാജിലാണ് മഹാ നിർവ്വാണി അഖാഡ സ്ഥാപിക്കപ്പെട്ടത്. കപിലമുനിയാണ് മഹാ നിർവ്വാണി അഖാഡയുടെ ഉപാസനാമൂർത്തി. ആയുധാഭ്യാസത്തിനൊപ്പം വേദാന്ത ശാസ്ത്രപഠനത്തിനും പ്രാധാന്യം നൽകുന്നു. എട്ട് ശ്രിമഹന്ത് സന്യാസികൾ ഉൾപ്പെടുന്ന ഒരു സഭയാണ് അഖാഡയെ ഭരിക്കുക. മൂന്ന് വർഷത്തേക്കാണ് ഒരു സഭയുടെ കാലാവധി. അങ്ങിനെയുള്ള ഓരോ ശ്രീമഹന്തിന് കീഴിലും എട്ടു പേരുടെ ഉപ സഭയുണ്ടാകും. അഖാഡയുടെ മീറ്റിംഗുകളും സഭകളുമൊക്കെ നിയന്ത്രിക്കാനായി ഏറ്റവും മുതിർന്ന ഒരു സന്യാസിയും ഉണ്ട്. ധൂനിവാലെ ബാബ എന്നാണ് ആ പദവിയെ വിളിക്കുക. അഖാഡയിൽ ജാതി വ്യത്യാസമില്ല, എല്ലാവരും തുല്യർ. ആസ്തികളൊക്കെ അഖാഡയുടേതാണ്, വ്യക്തികൾക്ക് അതിൽ പങ്കില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഒരിക്കൽ ഗാന്ധിജി മഹാനിർവാനി അഖാഡ സന്ദർശിച്ചിരുന്നു, അഖാഡയിലെ ജനാധിപത്യ വ്യവസ്ഥ കണ്ട് അദ്ദേഹം ആശ്ചര്യവും ഒപ്പം വളരെ സന്തോഷവും പ്രകടിപ്പിച്ചു. പുരാതനമായ ഈ ജനാധിപത്യ രീതിയാണ് പഞ്ചായത്തിരാജ് എന്ന സങ്കല്പത്തിലേക്ക് ഗാന്ധിജിയെ തല്പരനാക്കിയത്. ഓംകാരേശ്വർ(എംപി), ഹരിദ്വാർ, കങ്കൽ(UP), കുരുക്ഷേത്ര, നാസിക്, ഉദയപുർ, കാശി എന്നീ പുണ്യ സ്ഥലങ്ങളിൽ മഹാ നിർവാണി അഖാഡയ്ക്ക് ആശ്രമങ്ങൾ ഉണ്ട്. - ശ്രി പഞ്ച അടൽ അഖാഡ:
അടൽ അഖാഡ ഭാരതത്തിലെ പ്രശസ്തമായ ശൈവ അഖാഡകളിൽ ഒന്നാണ്. ഇതിന് ചരിത്രപരവും ആത്മീയവുമായ വലിയ പ്രാധാന്യമുണ്ട്. അടൽ അഖാഡ സ്ഥാപിതമായത് 14-ാം നൂറ്റാണ്ടിലാണ്. വരാണസിയിലാണ് അടൽ അഖാഡയുടെ കേന്ദ്രം. ഗണപതിയാണ് ഉപാസനാ മൂർത്തി. അടൽ എന്ന പേര് “അചഞ്ചലമായ” അല്ലെങ്കിൽ “അനശ്വരമായ” എന്ന് അർത്ഥമാക്കുന്നു. ആത്മീയതയിലും സന്യാസ ജീവിതത്തിലുമുള്ള സാധനയും കഠിനാനുഷ്ഠാനവും അടൽ അഖാഡയുടെ മുഖമുദ്രയാണ്. ശൈവ പാരമ്പര്യത്തിലുള്ള അഖാഡയിലെ മഹാപുരുഷന്മാർ ശസ്ത്ര-ശാസ്ത്ര വിദ്യകളിൽ പ്രാവീണ്യമുള്ളവരാണ്. സംസ്കൃത വേദ പ്രചാരണത്തിൽ അഗ്രെശരൻമാരാണ് അടൽ അഖാഡ. കഠിനമായ പരിശീലനങ്ങളിലൂടെയും ബ്രഹ്മചര്യത്തിലൂടെയും ആചാര ശുദ്ധിയിലൂടെയും മാണ് ഓരോ വ്യക്തിയും സന്യാസ പദവിയിൽ എത്തുന്നത്. മറ്റ് പ്രമുഖ അഖാഡകളെ പോലെതന്നെ ശാസ്ത്ര പ്രചാരണത്തോടൊപ്പം സേവന പ്രവർത്തനങ്ങളിലും അടൽ അഖാഡ മുന്നിലുണ്ട്. ഒറ്റ വക്കിൽ പറഞ്ഞാൽ “ധർമ്മ സംരക്ഷണ”ത്തിൽ വ്യാപൃതരാണ് അടൽ അഖാഡ. - തപോനിധി ശ്രീ ആനന്ദ് പഞ്ചായത്തി അഖാഡ:
ഏറ്റവും പഴയ രണ്ടാമത്തെ അഖാഡ എന്ന നിലയിൽ, തപോനിധി ശ്രീ ആനന്ദ് പഞ്ചായത്തി അഖാഡ ആത്മീയ സമൂഹത്തിൽ ആദരണീയമായ സ്ഥാനം വഹിക്കുന്നു. എന്ന് ആരംഭിച്ചു എന്നതിന് മറ്റു അഖാഡകളെ പോലെ കൃത്യമായ രേഖകൾ ഇല്ലെങ്കിലും നൂറ്റാണ്ടുകൾക്ക് മുൻപേ സ്ഥാപിതമാണ് ആനന്ദ് അഖാഡ. ദിവ്യപ്രകാശത്തെയും ഊർജ്ജത്തെയും പ്രതിനിധീകരിക്കുന്ന സൂര്യദേവന്റെ ഒരൂപമായ ദേവ് ഭുവൻ ഭാസ്കർ സൂര്യനാരായണനാണ് ഇവിടെ ഉപാസനാ മൂർത്തി. ഈ അഖാഡയുടെ ദീർഘകാല പാരമ്പര്യങ്ങളും ഭക്തിയുള്ള ആചാരങ്ങളും ആദ്ധ്യാത്മിക പഠനങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിലും വളർത്തുന്നതിലും ആനന്ദ് അഖാഡ വളരെ പ്രാധാന്യം നൽകുന്നു. നാസിക് ആണ് ആനന്ദ് അഖാഡയുടെ കേന്ദ്രം. നേതൃത്വ ഘടന, ചരിത്രപരമായ ഉത്ഭവം, സൂര്യദേവനോടുള്ള ഭക്തി എന്നീ കാരണങ്ങളാൽ മറ്റ് അഖാഡകളിൽ നിന്നും അല്പം വ്യത്യസ്തരാണ് ആനന്ദ് അഖാഡ. “തപോനിധി” എന്ന ഉപയോഗം “തപസ്സിന്റെ ഭണ്ഡാരം” എന്നാണ് അർത്ഥമാക്കുന്നത്, അങ്ങേയറ്റത്തെ തപസ്സ്, ധ്യാനം, ആത്മീയമായ അച്ചടക്കം എന്നിവയ്ക്കുള്ള അഖാഡയുടെ സമർപ്പണത്തെയാണ് ഇത് എടുത്തു കാട്ടുന്നത്. “പഞ്ചായതി” എന്ന പദം അഖാഡയുടെ സംഘടനാസംവിധാനത്തെ സൂചിപ്പിക്കുന്നു. ആത്മീയ, സാമൂഹിക ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അംഗങ്ങൾക്കിടയിൽ അച്ചടക്കം നിലനിർത്തുന്നതിനുമായി മുതിർന്ന സന്യാസിമാരുടെ കൗൺസിൽ പോലുള്ള സംവിധാനമാണ് അഖാഡയെ നിയന്ത്രിക്കുന്നത്. - ശ്രി പഞ്ച ദശനാം ആവാഹൻ അഖാഡ:
നൂറ്റാണ്ടുകൾ പഴക്കമുള്ള സന്യാസസമൂഹമായി അംഗീകരിക്കപ്പെട്ട ശ്രീ പഞ്ച ദശനാം ആവാഹൻ അഖാഡയ്ക്ക് ചരിത്രപരവും ആത്മീയവുമായ പൈതൃകമുണ്ട്. ശ്രീ ശങ്കരനാൽ എട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമാണ് എന്നാണ് വിശ്വാസം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ സംയോജിത അവതാരമായി ബഹുമാനിക്കപ്പെടുന്ന ദത്താത്രേയ ഭഗവാനാണ് ആരാധനാമൂർത്തി. പുരാതന പാരമ്പര്യങ്ങളും ശാസ്ത്രങ്ങളും പഠിപ്പിക്കുകയും സംരക്ഷിക്കപ്പെടുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതിലും വളരെ ശ്രദ്ധപതിപ്പിച്ചിട്ടുള്ളതാണ് ആവാഹൻ അഖാഡയുടെ സാധനാ സമ്പ്രദായം. ,വാരാണസിയാണ് ആവാഹൻ അഖാഡയുടെ കേന്ദ്രം. “ആവാഹൻ” എന്ന പദം ആത്മീയ ഉണർവ്വിന്റെയും ധർമ്മം ഉയർത്തിപ്പിടിക്കാനുള്ള സന്നദ്ധതയുടെയും പ്രതീകമായി സൂചിപ്പിക്കുന്നു. “പഞ്ചദശനാമി ” എന്ന പദം ദശനാമി പാരമ്പര്യത്തിന് കീഴിലുള്ള പത്ത് സമ്പ്രദായങ്ങളെ പ്രതിനിധീകരിക്കുന്നു, ധർമ്മത്തിനു വേണ്ടി” എന്ന പൊതുലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നത് സൂചിപ്പിക്കുന്നത് കൂടിയാണ് ദശനാമി എന്ന വാക്ക്. - ശ്രി പഞ്ചദശനാമി പഞ്ചഅഗ്നി അഖാഡ:
ബ്രഹ്മചാരി സന്യാസിമാരെ ഉൾക്കൊള്ളുന്ന അഗ്നി അഖാഡ അതിന്റെ വ്യത്യസ്തമായ ആചാരങ്ങളാൽ മറ്റ് ശൈവ സമ്പ്രദായങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. അംഗങ്ങൾ അവരുടെ ആത്മീയ പ്രതിബദ്ധതയുടെയും വിശുദ്ധിയുടെയും പ്രതീകമായി പൂണൂൽ ധരിക്കുകയും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് തെറ്റായി കാണുകയും ചെയ്യുന്നു. വ്യതിരിക്തമായ ആചാരങ്ങൾ സന്യാസത്തോടും നീതിപൂർവകമായ ജീവിതത്തോടുമുള്ള അവരുടെ അചഞ്ചലമായ സമർപ്പണത്തിന് അടിവരയിടുന്നു. ഉജ്ജയിൻ ആണ് കേന്ദ്രം. ശുദ്ധി, ശക്തി, ആവാഹനം തുടങ്ങിയവയുടെ പ്രതീകമായ വൈദിക അഗ്നിദേവനായ അഗ്നിയിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. ഗായത്രി മാതാവാണ് ഉപാസനാ മൂർത്തി. സന്യാസിമാർ അഗ്നിയെ പ്രതീകപ്പെടുത്തുന്ന ചുവന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്. മറ്റു നാഗ സാധുക്കളിൽ നിന്നും നിന്ന് വ്യത്യസ്തമായി, സന്യാസിമാർ ആചാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അഗ്നി അഖാഡ സ്ഥാപിച്ചതിന്റെ കൃത്യമായ തീയതി വ്യക്തമല്ല, എന്നാൽ എട്ടാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യർ അഖാഡ സമ്പ്രദായം പുനഃക്രമീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശപ്രകാരം അഗ്നി അഖാഡ സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കുന്നു. അധിനിവേശത്തിന്റെയും സാംസ്കാരിക അടിച്ചമർത്തലിന്റെയും സമയങ്ങളിൽ സന്യാസിമാരെ ആത്മീയ ആചാരങ്ങളിലും സ്വയം പ്രതിരോധത്തിലും പരിശീലിപ്പിക്കുന്നതിനും സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനുമാണ് അഗ്നി അഖാഡ സൃഷ്ടിക്കപ്പെട്ടത്. അഗ്നി അഖാഡയിലെ സന്യാസിമാർ പൊതു സ്ഥലങ്ങളിൽ നിന്നോ വീടുകളിൽ നിന്നോ ഭക്ഷണം കഴിക്കില്ല, അവർ ഭക്ഷണത്തിന് അത്രമാത്രം വിശുദ്ധി കൽപ്പിക്കുന്നു. മന്ത്രോച്ഛാരണങ്ങളോടെ തയ്യാറാക്കുന്ന ഭക്ഷണം മാത്രമേ അവർ കഴിക്കുള്ളൂ.
വൈഷ്ണവ അഖാഡകൾ
വൈഷ്ണവ അഖാഡകൾ പ്രധാനമായും മഹാവിഷ്ണുവിന്റെയും അവതാരങ്ങളുടെയും ഉപാസകരാണ് . ശൈവ സമ്പ്രദായത്തിലുള്ള അഖാഡകളെ പോലെ തന്നെ ആത്മീയജ്ഞാനവും ഭക്തിയും സാമൂഹിക സേവനവും ലക്ഷ്യമായി കണ്ടാണ് വൈഷ്ണവ അഖാഡകളും പ്രവർത്തിക്കുന്നത്. വൈഷ്ണവ അഖാഡകളുടെ കൂട്ടായ്മയായി തുണ അഖാഡ എന്നൊരു സമ്പ്രദായവും നിലവിൽ ഉണ്ട്.
- ദിഗംബർ ആനി അഖാഡ:
വൈഷ്ണവ് സമ്പ്രദായത്തിലുള്ള അഖാഡകളിൽ പ്രമുഖ സ്ഥാനമാണ് ദിഗംബർ ആനി അഖാഡയ്ക്ക്. നിർവ്വാണി നിർമോഹി എന്നീ അഖാഡകളും ദിഗംബർ അഖാഡയ്ക്ക് കീഴിലായുണ്ട്. ജയ് ശ്രീരാം, ജയ് ശ്രീകൃഷ്ണ എന്നാണ് ദിഗംബർ ആനി അഖാഡയിലെ അംഗങ്ങൾ അഭിസംബോധന ചെയ്യുക. അഖാഡയിലെ സന്യാസിമാർ ശുഭ്രവസ്ത്രമാണ് ധരിക്കുക, ഹനുമാൻജിയാണ് ഉപാസനാമൂർത്തി. അഖാഡയുടെ ധ്വജത്തിൽ തന്നെ ഹനുമാൻ ജി ഉണ്ട്. ദിഗംബർ ആനി അഖാഡയിലെ സന്യാസിമാർ വൈരാഗികൾ എന്നാണ് അറിയപ്പെടുക. ദിഗംബർ ആനി അഖാഡയിലെ സന്യാസിമാർ ലൗകിക, ഭൗതിക സുഖങ്ങളിൽ ഒന്നും തന്നെ ഭാഗമാകാറില്ല, അത് “വൈരാഗി” ആയിരിക്കുന്നതിന്റെ ലക്ഷണം കൂടിയാണ്. അയോധ്യയിലാണ് സ്ഥാപിതമായത് എങ്കിലും ഇപ്പോൾ ഗുജറാത്തിലാണ് മുഖ്യ കേന്ദ്രം. - നിർമോഹി ആനി അഖാഡ:
ഭാരതത്തിലെ പ്രമുഖമായ വൈഷ്ണവ അഖാഡകളിലൊന്നാണ് നിർമോഹി അഖാഡ . “നിർമോഹി” എന്ന വാക്കിന് “മോഹമില്ലാത്തവൻ, ബന്ധമില്ലാത്തവൻ” എന്നൊക്കെയാണ് അർഥം. വൈഷ്ണവ പാരമ്പര്യത്തിന്റെ ഭാഗമായ ഈ അഖാഡ പ്രധാനമായും വിഷ്ണുമഹാപ്രഭുവിന്റെയും അവതാരങ്ങളായ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഉപാസകരാണ്. നിർമോഹി അഖാഡ 16 ആം നൂറ്റാണ്ടിൽ വൈഷ്ണവ സന്യാസിയും ഭക്തി പ്രസ്ഥാനത്തിന്റെ പ്രമാണിയും ആയിരുന്ന സ്വാമി രാമാനന്ദയാണ് സ്ഥാപിച്ചത്. വൈഷ്ണവ സംബ്രദായം നിലനിർത്താനും പ്രചരിപ്പിക്കാനും ക്ഷേത്രങ്ങൾ രക്ഷിക്കാനുമായി സന്യാസി സമൂഹത്തെ സൃഷ്ടിക്കുക എന്നത് തന്നെയാണ് നിർമോഹി അഖാഡയുടെ പരമമായ ലക്ഷ്യം. വിഷ്ണു അവതാരങ്ങളാണ് ഉപാസനാമൂർത്തി എങ്കിലും ശ്രീരാമചന്ദ്രനാണ് ഒരല്പം കൂടുതൽ പ്രാധാന്യം എന്നു തോന്നാറുണ്ട്. രാമ ജന്മഭൂമി പ്രക്ഷോഭത്തിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച സന്യാസി സമൂഹം നിർമോഹി അഖാഡയാണ്. 2019 ൽ വിധി വരുന്നത് വരെ നിയമപരമായി കേസ് വാദിക്കുകയും പ്രക്ഷോഭത്തിന്റെ മുൻപന്തിയിൽ തന്നെ നിൽക്കുകയും ചെയ്തു. മറ്റു അഖാഡകളെ അപേക്ഷിച്ച് നിർമോഹി അഖാഡ ആയുധപരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നില്ല. ആധ്യാത്മിക പ്രചാരണത്തിനും ക്ഷേത്ര സംരക്ഷണത്തിനുമാണ് അഖാഡ പ്രാധാന്യം നൽകുന്നത്. അതിന് ശ്രീരാമനുമായി ഉള്ള ആഴത്തിലുള്ള ബന്ധം കാരണം നിർമോഹി അഖാഡയുടെ ആസ്ഥാനം ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ തന്നെയാണ്. - നിർവാണി ആനി അഖാഡ:
വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാമാനന്ദയുടെ പ്രചോനടത്തിലാണ് നിർവ്വാണി ആനി അഖാഡയും സ്ഥാപിക്കപെട്ടത്, അതു കൊണ്ടു തന്നെ വിഷ്ണു അവതാരങ്ങളായ ശ്രീ രാമ ശ്രീ കൃഷ്ണ സന്ദേശം പ്രചരിപ്പിക്കുക തന്നെയാണ് നിർവ്വാണി അഖാഡയുടെയും പരമമായ ലക്ഷ്യം. ഭൗതികമായ എല്ലാം ഉപേക്ഷിച്ചു പൂർണമായും സന്യാസത്തിൽ മുഴുകി ആദ്ധ്യാത്മിക പ്രവർത്തനങ്ങളിൽ മുഴുകിയാണ് അഖാഡയിലെ അംഗങ്ങൾ പ്രവർത്തിക്കുന്നത്. ആസ്ഥാനം അയോദ്ധ്യ തന്നെ. മറ്റ്. വൈഷ്ണവ അഖാഡകളെ പോലെ തന്നെ നിർവ്വാണി അഖാഡയിലും ആയുധപരിശീലനങ്ങൾക്ക് പ്രമുഖ സ്ഥാനം നൽകുന്നില്ല.
ഉദാസീൻ അഖാഡകൾ
ഉദാസീൻ അഖാഡകൾ മതപരമായ പദവികളും സന്യാസത്തിനുമുപരിയായി സമന്വയവും പുരുഷാർഥവുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ശൈവ-വൈഷ്ണവ പാരമ്പര്യങ്ങളുടെ സമന്വയമായ അനുയായികളാണ് പൊതുവെ ഉദാസീൻ അഖാഡകൾ.
- ശ്രീ പഞ്ചായത്തിബഡാ ഉദാസീൻ അഖാഡ:
ഗുരുനാനാക്കിന്റെ മൂത്ത പുത്രനായ ശ്രീചന്ദ് ഗുരുനാനാക്കിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബിൽ ആരംഭിച്ചതാണ് ബഡാ ഉദാസീൻ അഖാഡ, പ്രയാഗ് രാജാണ് ആസ്ഥാനം. ജ്ഞാനോദയത്തിന്റെ പാതയ്ക്കായി സമർപ്പിച്ചിരിക്കുന്ന ആത്മീയ അന്വേഷകരുടെ ഒരു സങ്കേതമാണ് ബഡാ ഉദാസീൻ അഖാഡ. ശൈവ വൈഷ്ണവ രീതികളിലെ പല സമ്പ്രദായങ്ങളും സമവായിച്ചു കൊണ്ടുള്ളതാണ് ബഡാ ഉദാസീൻ അഖാഡ. ജാതി മത വ്യതാസമില്ലാതെ എല്ലാവരെയും ഒരേപോലെ ഉൾക്കൊള്ളുന്നതാണ് ഈ അഖാഡ. - ശ്രീ പഞ്ചായത്തി നയാഉദാസീൻ അഖാഡ:
ഉദാസീൻ സമ്പ്രദായത്തിലെ മറ്റൊരു പ്രബലമായ അഖാഡ. ഗുരുനാനാക്കിന്റെ മഹത്തായ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തന്നെയാണ് പ്രധാനമായും നയാഉദാസീൻ ഖദയുടെയും ലക്ഷ്യം. നയാ ഉദാസീൻ അഖാഡയുടെ സ്ഥാപകൻ എന്ന നിലയിൽ ആരെന്നറിയില്ലിങ്കിലും ബഡാ ഉദാസീൻ അഖാഡയിൽ നിന്നും ഉണ്ടായതാണ് നയാ ഉദാസീൻ എന്നാണ് വിശ്വാസം. നയ ഉദാസിൻ അഖാഡാ ഗുരു നാനകിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും സമൂഹ പരിചരണവും ധർമ്മ സേവനവും ആത്മീയതയും പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള ഒരു പ്രധാന സ്ഥാനമാണ്. സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലൂടെ, നയ ഉദാസിൻ അഖാഡാ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ആശ്രിതർക്കും അശരണർക്കും സഹായം എത്തിക്കുന്നതിലും ശ്ലാഘനീയമായ പങ്ക് വഹിക്കുന്നു.
ചുരുക്കത്തിൽ, നയ ഉദാസിൻ അഖാഡാ ഉദാസിൻ പാരമ്പര്യത്തിന്റെ ഒരു ആധുനിക രീതിയാണ്, ഇത് ഉദാസീൻ പരിശീലനങ്ങളോടൊപ്പം സാമൂഹിക സേവനത്തോടുള്ള പ്രതിബദ്ധതയും ഗുരുനാനകിന്റെ ഉപദേശങ്ങളും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത്. ഇത് ഭക്തി പാരമ്പര്യങ്ങളിലും സാമൂഹിക ഉയർച്ച പ്രവർത്തനങ്ങളിലും തങ്ങൾ പങ്കു ചേരുന്നവണ്ണം ഭാരതീയ ആത്മീയ സാഹചര്യത്തിൽ സുപ്രധാന സംഭാവനകൾ ചെയ്യുന്നു.
- ശ്രീ നിർമൽ പഞ്ചായത്തീ അഖാഡ:
ശൈവ വൈഷ്ണവ അഖാഡകളുടെ സമ്പ്രദായത്തിൽ പ്രചോദനം ഉൾക്കൊണ്ട് തുടങ്ങിയ നിർമ്മൽ അഖാഡ ഉദാസീൻ മാർഗ്ഗത്തിൽ ഗുരുനാനാക് ബാബയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഉദാസീൻ പാരമ്പര്യം വിവിധ വിഭാഗങ്ങളും മതങ്ങളും തമ്മിലുള്ള സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സേവനത്തോടൊപ്പം സന്യാസ ആചാരങ്ങൾക്കും പ്രാധാന്യം നൽകുന്നതിനും പേരുകേട്ടതാണ്. ഏകത്വം, സമരസത, മാനുഷിക സേവനം, നിഷ്ഠയുള്ള ജീവിതം എന്നിവയിൽ ഊന്നൽ നൽകുന്ന ഗുരുനാനാക്കിന്റെ സന്ദേശങ്ങൾ നിർമ്മൽ അഖാഡ ഉയർത്തിപ്പിടിക്കുന്നു. ഗുരുനാനാക്കിന്റെ വചനങ്ങളുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ സമൂഹത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തെ അഖാഡ എന്നും പ്രോത്സാഹിപ്പിക്കുന്നു. ഗുരു നാനാക്ക് ബാബ ജീവിച്ചു കാണിച്ചത് പോലെ തന്നെ നിർമ്മൽ അഖാഡയും ജാതി, മതം എന്നിവ കണക്കിലെടുക്കാതെ എല്ലാവര്ക്കും തുല്യത കല്പിക്കുന്നു. ഗുരുനാനാക്ക് ഉപദേശിച്ച ആത്മീയ ആചാരങ്ങൾ പിന്തുടർന്ന്, ധ്യാനവും ഭക്തിയും അഖാഡ പഠിപ്പിക്കുന്നു. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് ജി 1706 CE-ൽ ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന പോണ്ട സാഹിബിലാണ് നിർമ്മൽ അഖാഡ സ്ഥാപിച്ചത്. ഗുരു ഗോവിന്ദ് സിംഗ് ഈ അഖാഡ സ്ഥാപിച്ചത്. സിഖ് മതത്തിന്റെ മഹത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സനാതന ധർമ്മത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനും യോദ്ധാക്കളായ സന്യാസിമാരെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരു ഗോവിന്ദ് സിങ് ജി നിർമൽ പഞ്ചായത്തി അഖാഡ സ്ഥാപിച്ചത്. ഉദാസീൻ സംബ്രദായത്തിലാണ് പ്രവർത്തിക്കുന്നത് എങ്കിലും ശൈവ സമ്പ്രദായത്തിലെ അവിഭാജ്യ ഘടകം കൂടെയാണ് നിർമ്മൽ അഖാഡ.