
ഒരു വലിയ ഉത്സവം, പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് 45 കോടി ആൾക്കാരെ! 45 ദിവസം നീണ്ടുനിൽക്കുന്ന പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ ഇപ്രാവശ്യം പങ്കെടുത്തത് 45 കോടിയോളം ആൾക്കാർ! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ജനങ്ങൾ കുംഭമേളയിലേക്ക് പ്രവഹിയ്ക്കും. ഭാരതത്തിലെ നാല് പുണ്യ സ്ഥലങ്ങളിൽ ആണ് കുംഭമേള നടക്കാറ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രയാഗ് രാജിലെ കുംഭമേള. ഉജ്ജയിൻ, ഹരിദ്വാർ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കാറ്. 144 വർഷത്തിലൊരിക്കൽ മഹാകുംഭമേള, 12 വർഷത്തിലൊരിക്കൽ പൂർണ്ണ കുംഭമേള, ആറു വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേള എന്നിങ്ങനെ വിവിധ പ്രകാരത്തിലുള്ള കുംഭമേളകൾ ആചരിച്ചു വരുന്നു. നൂറ്റാണ്ടുകളായി ഈ മേളകൾ ഒരുമുടക്കവുമില്ലാതെ നടന്നുവരുന്നു എന്നതും നമ്മുടെ ധർമ്മത്തിൽ കുംഭമേള എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് മനസിലാക്കാം. കഴിഞ്ഞ പൂർണ്ണകുംഭമേള നടന്നത് 2021 ൽ ഹരിദ്വാറിൽ ആയിരുന്നു. ഹരിദ്വാറിൽ ഇനി കുംഭമേള നടക്കുക 2033 ൽ ആകും. 2021 ലെ കുംഭമേള കൊറോണ കാരണം അത്ര കേമമായി നടത്താൻ കഴിഞ്ഞിരുന്നില്ല, എന്നാലും കുംഭമേള കൃത്യമായി ഒരു മുടക്കവുമില്ലാതെ നടന്നു. 2021 ലെ കുംഭമേളക്ക് ശേഷം 2025 ൽ അതായത് അടുത്തമാസം പ്രയാഗ് രാജിൽ വച്ച് നടക്കാൻ പോകുന്നു.
നമുക്ക് രണ്ടു തരത്തിലുള്ള സന്യാസ രീതികളാണുള്ളത്, മഠാമ്‌നായ സമ്പ്രദായം പിന്തുടരുന്നവരും അഖാഡ സമ്പ്രദായം പിന്തുടരുന്നവരും. മഠാമ്‌നായ സമ്പദായം അഥവാ മഠങ്ങളിൽ താമസിച്ചു ശാസ്ത്രം പ്രചരിപ്പിക്കുന്നവർ. ഇങ്ങിനെയുള്ള സന്യാസിമാർ, ക്ഷേത്രങ്ങൾ, ആദ്ധ്യാത്മിക കേന്ദ്രങ്ങളെ അധാർമികളിൽ നിന്നും സംരക്ഷിക്കുകയാണ് അഖാഡയ്ക്ക് കീഴിൽ വരുന്ന സന്യാസിമാരുടെ ചുമതല. അതുകൊണ്ടു തന്നെ അവർക്ക് ആയുധാഭ്യാസങ്ങളിലാണ് പ്രാവീണ്യം കൂടുതൽ. ശാസ്ത്രത്തോടൊപ്പം അസ്ത്രത്തിലും അഗ്രെസരന്മാർ ആയിരിക്കും അവർ. ഇവരെയാണ് നാഗ സന്യാസിമാർ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇങ്ങിനെ 13 അഖാഡകളാണുള്ളത്, അതിൽ ഏറ്റവും വലുത് ജൂണാ അഖാഡയാണ്. ജൂണ അഖാഡയിൽ മാത്രം 5 ലക്ഷത്തിൽ കൂടുതൽ സന്യാസിമാരുണ്ട്. ഇതിൽ ചില അഖാഡകളിൽ സിഖ് പരമ്പരയിലെ സന്യാസിമാരുണ്ട്, ചില അഖാഡകളിൽ ബ്രഹ്മചാരികൾ മാത്രമേ ഉണ്ടാവുകയുള്ളൂ അങ്ങിനെ വ്യത്യസ്തമായ രീതികൾ പിന്തുടരുന്നതാണ് ഓരോ അഖാഡയും. നമ്മുടെ നാടിന്റെ ഈ ധർമ്മത്തെ സമൂഹത്തെ സംരക്ഷിക്കാൻ സ്വജീവിതം തന്നെ സമർപ്പിച്ചവരാണ് ഈ സന്യാസിമാർ. ഇങ്ങിനെയുള്ള അഖാഡകളാണ് കുംഭമേള നടത്തുന്നത്. കുംഭമേള അവസാനിച്ചാൽ നാഗ സന്യാസിമാർ പൊതുവെ സമൂഹത്തിൽ നിന്നും മാറി ഏകാന്ത വാസം അനുഷ്ഠിക്കുന്നവരാണ്.
മേല്പറഞ്ഞ സമ്പ്രദായങ്ങൾ ഒക്കെ ഉണ്ടാക്കിയത് കേരളത്തിലെ കാലടിയിൽ നിന്നും പോയ കൊച്ചുപയ്യനായ ആദി ശങ്കരൻ ആണ് എന്നതാണ് ഏറ്റവും ആശ്ചര്യകരം. സനാതന ധർമ്മം ഇന്നും അതിന്റെ ഇട്ടതും പ്രബലമായ രീതിയിൽ നില നില്ക്കാൻ കാരണവും ജഗദ്ഗുരു ശങ്കരാചാര്യരുടെ ദീർഘ വീക്ഷണം തന്നെ. 2021 ലെ കുംഭമേളക്ക് പോയപ്പോൾ ഞാൻ ജൂണാ അഖാഡയിലെ ക്യാമ്പ് സന്ദർശിച്ചിരുന്നു. ഏകദേശം രാത്രി പത്തുമണിക്കാണ് അവിടെ എത്തിയത്. നല്ല തണുപ്പുള്ള രാത്രിയിൽ ഗംഗാ നദിയുടെ തീരത്തു നഗ്നരായിരിക്കുന്ന കുറെ സന്യാസിമാർ, അവരുടെ ആയുധങ്ങൾ ഒരു പ്രത്യേക രീതിയിൽ കൂട്ടി വച്ചിരിക്കുന്നു. ചില സന്യാസിമാർ വളരെ ഗൗരവത്തിൽ എന്തൊക്കെയോ ചർച്ച ചെയ്യുന്നു, ചിലർ ധ്യാനത്തിനെന്നപോലെ ഗംഗയെ നോക്കി നിശ്ശബ്ദരായിരിക്കുന്നു, മറ്റു ചിലർ ഹോമകുണ്ഡത്തിന് ചുറ്റും ഇരുന്നു പുക വലിക്കുന്നു, എന്നെ കണ്ടപ്പോൾ തന്നെ ഒരു യുവ സന്യാസി ചോദിച്ചു കേരളത്തിൽ നിന്നാണോ? ഞാൻ പറഞ്ഞു അതെ, ഉടനെ അദ്ദേഹം അവരുടെ അടുത്തിരുത്തി. നിങ്ങൾ ആദി ശങ്കരന്റെ നാട്ടിൽ നിന്നാണ് വരുന്നത്, ഞങ്ങൾക്ക് വളരെ സന്തോഷം. മറ്റൊരു സന്യാസി ചായ ചൂടാക്കി തന്നു. കുറച്ചു നേരം അവിടെ സംസാരിച്ചു മടങ്ങാൻ തുടങ്ങുമ്പോ മഹാമണ്ഡലേശ്വറിനെ കാണാൻ പറഞ്ഞു. മഹാ മണ്ഡലേശ്വർ ആണ് അഖാഡയുടെ അധിപൻ. അദ്ദേഹം നെറ്റിയിൽ ഭസ്‌മം തൊട്ടു അനുഗ്രഹിച്ചു. ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഞങ്ങൾ മടങ്ങിയത്. സത്യത്തിൽ എനിക്കു തന്നെ എന്നോട് ലജ്ജ തോന്നി, ശങ്കരാചാര്യരെ നമ്മൾ തന്നെ മറന്നിരിക്കുന്നു. ശങ്കരന്റെ പേരിലുള്ള ശ്രീ ശങ്കര സംസ്‌കൃത സർവകലാശാലയിൽ പോലും ഇന്ന് ശങ്കരൻ അന്യനാണ്. കഴിഞ്ഞ തവണ കേദാർനാഥിൽ പോയപ്പോ ക്ഷേത്രത്തിന്റെ അടുത്ത് വലിയ ശങ്കര പ്രതിമയുണ്ട്, എന്നാൽ കേരളത്തിൽ ഇവിടെയുണ്ട് ശ്രീ ശങ്കരൻ? എത്രപേർക്കറിയാം ശങ്കരാചാര്യരെ?
കൊടും തണുപ്പിൽ പൂർണ്ണ നഗ്നരായി ഗംഗാ തീരാതിരിക്കുന്ന മഹാത്മാക്കളെ കാണുമ്പോ അത്ഭുതം തോന്നും. തീർത്തും സമൂഹത്തിൽ നിന്നും മാറി, പൂർണ്ണമായും പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്നവർ, ഒന്നിനോടും സ്വന്തം ശരീരത്തോട് പോലും ബന്ധമില്ലാത്തവർ. കുംഭമേളയിൽ പങ്കെടുക്കാനായി എവിടെ നിന്നോ വന്നവർ. കുംഭമേളയുടെ പ്രാധാന്യവും അതുതന്നെയാണ്. നാലു വര്ഷം കൂടുമ്പോഴുള്ള സന്യാസി സംഗമം കൂടിയാണ് മേളയിൽ നടക്കുന്നത്.
കുംഭമേള വിശ്വാസത്തിന്റെ, സാംസ്കാരികത്തിന്റെ, ചരിത്രത്തിന്റെ ഒരു മഹോത്സവമാണ്. കുംഭമേളയിൽ പുണ്യനദികളിൽ കുളിക്കുന്നത് പാപശുദ്ധിയും പുനർജന്മചക്രത്തിൽ നിന്നും മോചനവും നൽകുമെന്നാണ് സങ്കൽപം. മേള ആത്മീയ വിശ്വാസങ്ങളെ ശക്തിപ്പെടുത്തുകയും ആത്മപരിശോധനക്കും ഭക്തിക്കും അവസരം നൽകുകയും ചെയ്യുന്നു. ഭാരത സംസ്കാരം നിലനിർത്തുന്നതിന് തപസ്സനുഷ്ടിക്കുന്ന മഹാത്മാക്കളുടെയും ദേവതകളുടെയും ഒപ്പം ചേർന്ന് പുണ്യനദികളിൽ കുളിക്കാനും അനുഗ്രഹം നേടാനുമുള്ള അവസരമായാണ് കുംഭമേളയെ കാണുന്നത്. കുംഭമേള അറിവിന്റെ നിറകുംഭം കൂടിയാണ്. ജ്യോതിശാസ്ത്രം, ജ്യോതിഷം, ആത്മീയത, ആചാരപരമായ പാരമ്പര്യങ്ങൾ, സാമൂഹ്യ-സാംസ്കാരിക ആചാരങ്ങൾ പാരമ്പര്യങ്ങൾ, കല, യോഗ, കായിക അഭ്യാസങ്ങൾ തുങ്ങിയവയെല്ലാം സംഗമിക്കുന്ന ചടങ്ങു കൂടിയാണ് ഇത്. കുംഭമേളയിൽ അവതരിപ്പിക്കുന്ന ആചാരങ്ങൾ, ഭക്തിഗാനങ്ങൾ, അനുശാസനങ്ങൾ എന്നിവ പുരാതന പാരമ്പര്യങ്ങളെയും അറിവിനെയും സംരക്ഷിക്കുക എന്ന ഉദ്യേശത്തോടു കൂടിയാണ്. രഹസ്യവും പൊതുവായതുമായ സന്യാസി സമ്മേളനങ്ങളും ഇവിടെ നടക്കും. കേവലം ആധ്യാത്മികതയുടെ മാത്രമല്ല വിവിധ സംഘടനകളുടെ സേവാ പ്രവർത്തനങ്ങളുടെയും പ്രദർശന കേന്ദ്രവുമാണ് കുംഭമേള. തീർത്ഥാടകർ സേവാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ദരിദ്രർക്കും രോഗികൾക്കും ഭക്ഷണവും ആരോഗ്യ പരിരക്ഷയും നൽകുകയും ചെയ്യുന്നു.
കുംഭമേള ലോകത്തിലെ ഏറ്റവും വലിയ സമാധാനപരമായ തീർത്ഥാടകരുടെ സംഗമമാണ്. ജാതി, മതം, ലിംഗം എന്നീ വ്യത്യാസങ്ങളൊന്നും ഇല്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോടിക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കുചേരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും വിവിധ തലത്തിൽ നിന്നും ആളുകൾ ഒരുമിച്ച് വരുന്നത് സാംസ്കാരിക ഐക്യത്തിനും പരസ്പരബോധത്തിനും മാർഗം തെളിയിക്കുന്നു.
കുംഭമേളയുടെ വേരുകൾ പുരാതന ഹിന്ദു ശാസ്ത്രങ്ങളിലും പുരാണങ്ങളിലും കാണാം. ഇതേപോലുള്ള ഒരു തീർത്ഥയാത്രയ്ക്കുള്ള ആദ്യത്തെ പരാമർശങ്ങൾ ഏറ്റവും പുരാതനമായ പവിത്ര ഗ്രന്ഥങ്ങളിൽ ഒന്നായ ഋഗ്വേദത്തിൽപോലും പരാമര്ശിക്കപ്പെട്ടതായി കാണാം.
കുംഭമേള ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പാരമ്പര്യത്തിന്റെ ഉത്സവമാണ്. ഇത് മനുഷ്യനും ദൈവത്തിനും തമ്മിലുള്ള നിത്യബന്ധവും സംസ്കാരത്തിന്റെ ആഴമേറിയ മൂല്യങ്ങളുമെല്ലാം പ്രദർശിപ്പിക്കുന്ന സമയമാണ്. പാലാഴി മഥനത്തിൽ പുറത്തേക്കു വന്ന അമൃത കുംഭം അസുരന്മാർ കൈക്കലാക്കാതിരിക്കാൻ ഗരുഢഭഗവാൻ അമൃത കുംഭവുമെടുത്ത് പറന്നുവത്രെ. ക്ഷീണിച്ചപ്പോൾ കുംഭം താഴെ വച്ച സ്ഥലങ്ങളിലാണ് ഇന്ന് കുംഭമേള നടക്കുന്നത് എന്നാണ് സങ്കല്പം. ഹരിദ്വാറിലെ ഗംഗയിൽ, ഉജ്ജയിനിയിലെ ഷിപ്രയിൽ, നാസിക്കിലെ ഗോദാവരിയിൽ പിന്നെ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ. ഈ നാലു സ്ഥലങ്ങളിലാണ് പൂർണ്ണ കുംഭമേള നടക്കുന്നത്. അമൃതിനു വേണ്ടി ദേവാസുര യുദ്ധം നടന്നത് 12 ദിവസമാണ്, ദേവന്മാരുടെ ഒരു ദിവസം നമ്മുടെ 12 വർഷമാണ്. ഒരു വ്യാഴ വട്ടം അമൃതിന്റെ സാന്നിദ്ധ്യമുള്ള തീർത്ഥസ്ഥലങ്ങളിൽ സ്നാനം ചെയ്യുന്നതിനു വേണ്ടിയാണ് രൂപികളും അരൂപികളും ആയിട്ടുള്ള മഹാത്മാക്കൾ, ദേവന്മാർ, ദേവതകൾ തുടങ്ങി പ്രപഞ്ചത്തിലെ ദേവതാ ശക്തികളൊക്കെ തന്നെ ഈ മുഹൂർത്തത്തിൽ കുംഭമേളയിൽ സ്നാനം ചെയ്യാൻ എത്തും എന്നതാണ് സങ്കല്പം. ഈ മഹാത്മാക്കളോടൊപ്പം അമൃതിന്റെ സാന്നിദ്ധ്യമുള്ള പുണ്യനദികളിൽ നമ്മൾക്കും സ്നാനം ചെയ്യാൻ ഉള്ള പുണ്യ അവസരമാണ് കുംഭമേള. ദത്താത്രേയ ജയന്തിയിൽ അഖാഡകൾ ധർമ്മ ധ്വജം ഉയർത്തുന്നതോടുകൂടി കുംഭമേള ആരംഭിക്കും. എല്ലാ കുംഭമേളയിലും ആയിരങ്ങൾ സന്യാസ ദീക്ഷ സ്വീകരിക്കും. കൊടിക്കാനാണക്കിനു സനാതനികൾ സന്യാസിമാരോടും ദേവതകളോടും കൂടെ പുണ്യ സ്നാനം ചെയ്യും. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവാത്തതും കണ്ടാലും മനസ്സിലാവാത്തതുമായ പലതും കുംഭമേളകളിൽ സംഭവിക്കും. ഭാരതത്തിന്റെ സനാതന ധർമ്മം നിലനിർത്താനുള്ള പ്രതിജ്ഞയെടുത്ത് അതിനുവേണ്ടി സർവ്വം ഉപേക്ഷിച്ച മഹാത്മാക്കളുടെ കൂടെ നമുക്കും സ്നാനം ചെയ്യാനുള്ള അവസരമാണ് ഓരോ കുംഭമേളയും. മോക്ഷപ്രാപ്തിക്കുള്ള ഒരു പടികൂടി മുന്നിലേക്ക് വയ്ക്കാൻ, വരും കുംഭമേളകളുടെ ഭാഗമാകാൻ നമുക്ക് ഇന്നു തന്നെ സങ്കല്പമെടുക്കാം.